Ind disable
" പ്രിയപ്പെട്ട സുഹൃത്തുകളെ അന്‍പതോളം പേര്‍ പിന്തുടര്‍ന്ന് വന്ന എന്റെ ഫ്രണ്ട്ഷിപ്പ് GADGET തകരാര്‍ ആയതു കാരണം നീക്കം ചെയ്തിരിക്കുകയാണ്, വീണ്ടും പുണ്യവാളന്റെ രചനകളെ പിന്തുടരണം എന്നാഗ്രഹിക്കുന്നവര്‍ ഫോളോ ചെയ്തു എന്നെ പ്രോത്സാഹിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു . !!"

Saturday, December 24, 2011

പുണ്യവാളന്റെ ഹൃദയോപഹാരം


വരവും കാതോര്‍ത്ത്

സ്വര്‍ഗ്ഗീയ നാഥന്‍ വിളിച്ചു മെല്ലെ
ഞാനോ നിശബ്ദം വിളികേട്ടു
കാതോര്‍ത്തു പാവന പദനിസ്വനം
കാഴ്ച്ചയ്ക്കായ് മിഴികള്‍ കൊതിച്ചു 

സ്വര്‍ഗ്ഗീയ നാഥന്‍ വിളിച്ചു മെല്ലെ
ഞാനോ നിശബ്ദം വിളികേട്ടു

ഹൃദയത്തിലേയ്ക്കായ് വാതായനങ്ങള്‍ 
ഞാന്‍ വരവേല്‍പ്പിനായി തുറന്നു 
വാഴ്തി പാടുവാന്‍ വാചാലമാകുവാന്‍ 
അകതാരില്‍ മോഹമുദിച്ചു 

സ്വര്‍ഗ്ഗീയ നാഥന്‍ വിളിച്ചു മെല്ലെ
ഞാനോ നിശബ്ദം വിളികേട്ടു

നിസ്തുല സ്നേഹം ഞങ്ങള്‍ക്ക് നല്‍കിയ 
പിതാവേ വേഗം വന്നെത്തേണമേ
സുസ്മേര വദനനായി തിരുമുന്നില്‍ നില്‍കെ 
കാര്‍ത്താവേ നീ എന്നെയും ചേര്‍ക്കേണമേ


ഇരുള്‍ വീണ പാതയില്‍ പുതു വെളിച്ചം തേടി 


സ്വര്‍ഗ്ഗസ്ഥനായ പിതാവേ കേള്‍ക്കണേ
ദുഃഖത്തില്‍ നിന്നുമെന്‍  പ്രാര്‍ത്ഥനയെ
കണ്ണീരില്‍ കൈ നീ തരേണമേ നാഥാ
കാരുണ്യം എന്നില്‍  ചൊരിയേണമേ !

മാനവപാപകറ കഴുകുവാന്‍ രക്തം തന്നവനെ , 
 ഭൂമിയില്‍  സ്നേഹത്തിന് വിത്തുകള്‍
പാകിയ നിസ്തുലസത്യമേ !

ഇരുള്‍വീണ പാതയില്‍ ഏകനായി നില്‍കെ
എന്നില്‍ പ്രകാശം തെളിക്കേണമേ !

നിന്റെ രാജ്യം വരേണമേ
നീ തന്നെ നമ്മില്‍ തെളിയേണമേ

നിത്യമാം സ്നേഹം  ചൊരിയേണമേ 

ദിവ്യമാം നിര്‍വൃതി നിറക്കേണമേ

സ്വര്‍ഗ്ഗസ്ഥനായ പിതാവേ കേള്‍ക്കണേ
ദുഃഖത്തില്‍ നിന്നുമെന്‍  പ്രാര്‍ത്ഥനയെ

മരണത്തിന്‍ കാലൊച്ച കേട്ടു ഞാന്‍ നില്‍കെ
കര്‍ത്താവേ നീ എന്നെയും   ചേര്‍ക്കേണമേ ...!!

Monday, December 19, 2011

ആകാശത്തിലെ ചുവന്ന നക്ഷത്രങ്ങള്‍ആകാശത്തിലേക്ക് നോക്കിയത് ചില ഉള്‍കകളോകെ വരുന്നുണ്ടെന്നും  അവയെ കാണാന്‍ നല്ല ചേലായിരിക്കുമെന്നും കേട്ടാണ് , എന്നിട്ടും ഞാന്‍ ഒന്നും കണ്ടില്ല . അര്‍ദ്ധ ചന്ദ്രന്റെ രാവില്‍ വാപിളര്‍ന്നു നില്‍ക്കുന്ന കുറെ നക്ഷത്രങ്ങള്‍ , രാത്രിഞ്ചരന്മാരായ ഗഗനചാരികളുടെ സഞ്ചാരപഥങ്ങള്‍ ,   ഭൂമിയെ പുതച്ചുറക്കാന്‍  കൂടൊരുക്കുന്ന  കാര്‍മുകിലുകള്‍ !!

പണ്ടിവിടെ അടുത്തായൊരു  കുന്നുണ്ടായിരുന്നു അതിന്നരികിലൂടെ വഴി നടക്കുമ്പോഴൊക്കെ ഹരിതാഭമായ കുന്നിന്‍മുകളില്‍  ആകാശം വീണു കിടക്കുന്നതു കാണാം ! മുകളിലെത്തി നോക്കിയാലോ ഭൂമിക്ക് കുടപ്പിടിച്ചു നില്‍ക്കുന്ന ആകാശത്തിനു കീഴെ   അലകളുടെ   പരിലാളനങ്ങളില്‍ പട്ടുതുവാലകള്‍ പോലെ മേഘശലകങ്ങള്‍ പറന്നകലുന്നത് നയനമനോഹരം ആയിരുന്നു . ദീര്‍ഘമായൊരു എത്തിനോട്ടത്തില്‍ കൊട്ടാരകെട്ടുകളുടെ മേലാപ്പുകള്‍ തുടങ്ങി ശ്രീകൃഷ്ണക്ഷേത്രവും , ജുമാമസ്ജിത്തും ഓര്‍ത്തോഡോക്സ് പള്ളിയും,  എന്റെ പള്ളികൂടവും ,  വലിയ കുമ്പേര ഭവനങ്ങളും , നോക്കെത്താ ദൂരത്തോളം നീണ്ടു  കിടക്കുന്ന തെങ്ങോല പരപ്പുക്കളും  കണ്ണില്‍ പതിയും

ഇന്നാ കുന്നില്ല ചുറ്റിലും ആകാശവും  കുത്തിപ്പിളര്‍ന്നു ബലിഷ്ടമായി  വളരുന്ന ബഹുനില മന്ദിരങ്ങളും ഫ്ലാറ്റുകളും  മാത്രം  !! ഒരിക്കല്‍ വിശാലമായിരുന്നീ  ആകാശവും പതിയ നമ്മുക്കന്ന്യമാകുന്നല്ലോ എന്നോര്‍ക്കവേയാണാ വിസ്മയ തിളക്കമെന്റെ കണ്ണില്‍ പിടിച്ചത്.   ഫ്ലാറ്റുകളുടെ  ബാള്‍ക്കണികളില്‍  തുങ്ങിയാടുന്ന നക്ഷത്രദീപങ്ങളുടെ നിറശോഭയായിരുന്നു  , ചുവപ്പും വെളുപ്പും നീലയും തുടങ്ങി നനാവര്‍ണ്ണങ്ങളുമെന്നിലേക്കൊഴുകി. പട്ടുടുത്ത മാലാഖമാരെ പോലെ അവയോരോന്നുമെന്നെ നോക്കി കണ്ണിറുക്കി !

ഹൃദയം ഒരു നിമിഷം ശിഥിലമായ പോലെ ! മുറ്റത്ത് നിന്നും പുറത്തുകടന്നു  റോഡിലൂടെ ലക്ഷ്യമില്ലാതെ ഞാന്‍ നടന്നു.  എന്റെ ചുറ്റിലും നക്ഷത്ര ദീപങ്ങള്‍ ഒന്നൊഴിയാതെ മിന്നിതിളങ്ങുന്നു  ! ഞാനിന്നലെ വരെ ഇതൊന്നും കണ്ടതേയില്ല ! മഞ്ഞുരുക്കുന്ന  ഡിസംബറിനെ ഞാനറിയുന്നു നക്ഷത്രങ്ങള്‍ മിഴി തുറങ്ങുന്ന ക്രിസ്മസ് രാവുകളെ ഞാനെന്നോ മറന്നു. എവിടെയോ നഷ്ടപ്പെടുത്തിയ കുറെ സ്വപ്നങ്ങള്‍ എന്നെ വീണ്ടും   വലയം ചെയ്യുന്നു ആ ഓര്‍മ്മകളിലൂടെയാണെന്റെ യാത്ര

കുഞ്ഞായിരിക്കെ എന്റെ വലിയ മോഹമായിരുന്നു വീട്ടില്‍ ഒരു ചുവന്ന നക്ഷത്രം തൂക്കണമെന്നത് . വീട്ടില്‍ കാലങ്ങളോളം കറണ്ട് ഇല്ലാതിരുന്നതാണ് എന്നിലെന്നും മോഹഭംഗം പടര്‍ത്തിയത് . ഓരോ ഡിസംബര്‍ രാത്രിയും  ഞാന്‍  പിണങ്ങി മുറ്റത്തെ ഇരുട്ടില്‍ മുഖം വീര്‍പ്പിച്ചിരിക്കും,  ദൂരെ തിളങ്ങുന്ന ഓരോ നക്ഷത്രവും അന്നെന്റെ ഹൃദയത്തെ വല്ലാതെ നോമ്പരപ്പെടുത്തും. അരികിലാരുവന്നു ആശ്വസിപ്പിച്ചാലുമെന്റെ കണ്ണ് നിറഞ്ഞൊഴുകും . എന്താ എന്റെ വീട്ടില്‍ മാത്രം ക്രിസ്മസ് വരാതെ ! ചുവന്ന നക്ഷത്രങ്ങളും പുല്‍കൂടും ഉണ്ണിയേശുവും മിന്നുന്ന വര്‍ണ്ണത്തോരണങ്ങളും ബലൂണും മണികളും സമ്മാനങ്ങളുമായെത്തുന്ന ക്രിസ്മസ് അപ്പുപ്പനും എപ്പോഴുമെന്നെ മോഹിപ്പിച്ചു കൊണ്ടേയിരുന്നു .

'' കറണ്ട് കിട്ടുമ്പോ വരും നമ്മുടെ വീട്ടിലും ക്രിസ്മസ്  അമ്മ  അന്ന് ചിന്നന് വലിയ സ്റാര്‍ വാങ്ങി തരും ഇവിടെയാര്‍ക്കും ഇല്ലതത്ര വലിയത് ''

''നിക്കത്  ഈ മുറ്റത്ത് ഉയര്‍ത്തി  കെട്ടണം   ചുമന്ന രക്തത്തുള്ളികള്‍ ചിതറി തെറിച്ച പോലെ മുറ്റവും ചെടികളും   അതില്‍ മുങ്ങി നില്‍ക്കുന്നത്  കണ്ണുനിറയെ കാണണമെനിക്ക് , പുല്‍കൂടും ഒരുക്കണം  അതില്‍ ഉണ്ണിയേശുവിന്റെയും മറ്റും  പ്രതിമകള്‍  വേണം മിന്നുന്ന കുഞ്ഞു  ലൈറ്റുകളും  ബലൂണുകളും മണികളും വര്‍ണ്ണ കടലാസുകളും മിന്നുന്ന തോരണങ്ങളും വേണം'' . അങ്ങനെയുള്ള  കൊച്ചു മോഹങ്ങളുടെ ക്രിസ്മസ് രാവുകള്‍ സ്വപ്നം കണ്ടു ഞാന്‍ ഉറങ്ങി പക്ഷെ ആ ദിവസങ്ങള്‍ അകന്നു പോയി കൊണ്ടും എന്റെ സങ്കടങ്ങളും നിര്‍ബന്ധങ്ങളും വര്‍ദ്ധിച്ചു  കൊണ്ടുമിരുന്നു .

അങ്ങനെയാണ് ചേട്ടന്‍ അന്വോഷിച്ചു പിടിച്ചൊരു സൂത്രം പഠിച്ചത് .ചേട്ടന് ഞാനെന്നാല്‍ ജീവനാണ് ! കുട്ടാ യെന്നെ വിളിക്കു ! എനിക്കെന്തു വേണമെങ്കിലും സാധിച്ചു തരും ! പക്ഷെ എനിക്കാ  സ്നേഹമൊന്നും അന്നുണ്ടായിരുനില്ല,  സദാസമയവും അവനുമായി വഴക്കിട്ടു തല്ലുണ്ടാക്കുകയായിരുന്നു അക്കാലത്തെന്റെ  പ്രധാന വിനോദം. ദേഹം നോവുമ്പോഴോക്കെ  അവനു പ്രിയപ്പെട്ടത്തെല്ലാം തല്ലി പൊളിക്കും . ആ വഴിക്കുവരുന്ന തല്ലും വഴക്കുമൊക്കെ  ചേട്ടനാവും കുശാലായി കിട്ടുക . ഞാന്‍ കുഞ്ഞല്ലേ !!  നാലായി  മടക്കി അവനു വല്ല ദ്വാരത്തിലും വച്ചടക്കനേ ഞാനുണ്ടയിരുന്നുള്ളൂ . പക്ഷെ  വല്യ വാശിക്കാരനും ശുണ്ടിക്കാരനുമായ  ഞാനോന്നിനോന്നും  വിട്ടു കൊടുക്കയുമില്ല , പല്ലിനു പല്ല് കണ്ണിന്നു കണ്ണ്

അന്ന് സന്ധ്യക്ക്  ചേട്ടന്‍ കൂറേ വര്‍ണ്ണകടലാസുകളും മുളചീളുകളും എവിടെ നിന്നോകെയോ സംഘടിപ്പിച്ചു  കൊണ്ട് വന്നു. വലിയ വിദ്യയോക്കെ പഠിച്ച ഭാവത്തില്‍ മുളചീളുകള്‍ ഒടിച്ചും വളച്ചും കെട്ടിയും വര്‍ണ്ണ കടലാസുകള്‍ കീറിയും ഒട്ടിച്ചും  സുന്ദരമായ ഒരു വലിയ നക്ഷത്രം ഉണ്ടാക്കി. ഞാനന്നേവരെ അത് പോലൊരു നക്ഷത്രം കണ്ടിട്ടില്ല. കൊള്ളാം ! വലിയ സന്തോഷം !  വരാന്തയില്‍ ഉയര്‍ത്തി കെട്ടി ചേട്ടന്‍ അതിനുള്ളില്‍  ഒരു മെഴുക് തിരി കത്തിച്ചുവച്ചു  . ആ തിരിനാളം  എന്റെ ഹൃദയത്തിലേക്ക് വാരി നിറച്ചത് അത്യധികമായ ആഹ്ലാദം ആയിരുന്നു . മുറ്റത്തിറങ്ങി സ്വാഭിമാനം ഞാനാവര്‍ണ്ണകാഴ്ച ഒത്തിരിനേരം നോക്കി നിന്നു . ഞാനേറെ സന്തോഷിച്ചതും ദുഖിച്ചതുമായ  ഒരു ദിവസം അന്നായിരുന്നു എന്നെനിക്കിന്നു പറയാം . കാരണം ശുഭ പരിസമാപ്തിയായിരുനില്ലത് . അത്താഴം  കഴിച്ചു പുറത്തിറങ്ങിയ ഞാന്‍ കണ്ടത് മുന്നിലെന്റെ സ്വപ്നം കത്തി കരിഞ്ഞു തീ വീടിന്റെ കൂരയിലേക്ക് പടരുന്നു കയറുന്ന  ഭീകര കാഴ്ചയായിരുന്നു!  ഭാഗ്യം കൊണ്ട് സ്വപ്നങ്ങള്‍ കരിഞ്ഞമര്‍ന്നെന്കിലും വീട് ബാക്കി കിട്ടി . പിന്നെയാ ഒരിക്കലും  അത്തരം പരീക്ഷണത്തിനു മുതിര്‍ന്നില്ല !! അങ്ങനെ  സ്വപ്നങ്ങള്‍    പിന്നെയും  ബാക്കി

കുട്ടിക്കാലത്ത് നമ്മളോരോന്നും കൊതിക്കും കാലഗതിയില്‍  അതൊക്കെ കൊഴിഞ്ഞാ ചില്ലയില്‍ പുതിയ നാമ്പുകള്‍ മുളക്കും . കൊഴിഞ്ഞു പോയ സ്വപ്നങ്ങള്‍ഒരിക്കല്‍ നമ്മുക്കെത്ര പ്രിയപ്പെട്ടതായിരുന്നാലും   തിരക്കി എന്ന് വരില്ല ഞാനും അത് പോലെ ആയിരുന്നല്ലോ

വീട്ടില്‍ കറണ്ട് വന്നു. പഴയ ഓല കൂര മാറ്റി ഷീറ്റിട്ടു ആ വീടിന്നു ഇരുനിലയായി വളര്‍ന്നു ഇതൊകെ കഴിഞ്ഞും വര്‍ഷങ്ങള്‍ പലതായി എന്നിട്ടും അതിലേക്കിന്നും ക്രിസ്മസ് വന്നില്ല . നഷ്ടപ്പെട്ട  ഓരോ രാത്രികള്‍ക്കും വേണ്ടി വീട് നിറയെ പലേ വര്‍ണ്ണ നക്ഷത്രങ്ങള്‍ തൂക്കാന്‍ എനിക്കിന്നാവും എന്നിട്ടും ഒരു ചുമന്ന നക്ഷത്രം അവിടെങ്ങും വിസ്മയപ്രഭ ചോരിഞ്ഞില്ല മനസ്സ് കുറ്റബോധം കൊണ്ട് വല്ലാതെ പിടഞ്ഞു !! ജങ്ഷനില്‍ വേഗമെത്താന്‍ ഞാന്‍ വലിഞ്ഞു നടന്നു , ഒരു ചുവന്ന നക്ഷത്രം വാങ്ങണം , ക്രിസ്മസിന് ഇനിയുമുണ്ട് രണ്ടു രാത്രികള്‍ !!

Sunday, December 18, 2011

മരണവും ജീവിതവും തിരിച്ചറിവുകളും


ഓരോ മരണവും വേദനയാകുന്നു
കണ്ണീരു ചാലിട്ട മുഖമുയര്‍ത്തുമ്പോള്‍
മൌനമായുള്ളിലതാഴ്ന്നു കേറുന്നു 

ഓരോ പ്രജ്ഞയും മുന്നില്‍ തെളിയുന്നു 
വിശ്വസത്യങ്ങള്‍ കനലായെരിയുമ്പോള്‍
ഹൃദയത്തിനുള്ളിലതാര്‍ത്തലയ്ക്കുന്നു

ഓരോ ചുവടിലും സ്വയം തിരിച്ചറിയുന്നു 
യാത്ര പറയാതെ പിരിഞ്ഞകലുമ്പോള്‍ 
ഒരാള്‍ പിന്തുടരുകയാണെന്ന സത്യം  

ഓരോ നിമിഷവും കാര്‍ന്നെടുക്കുന്നോരീ 
മരണത്തിനുണ്ടോ വല്ല പിണക്കവും 
ആരാകിലെന്ത് കഥയെന്താകിലെന്ത് 

അനുവാദമില്ലാതെ കൂടെ നടക്കുന്നു 
യാത്ര പറയാതെ പിരിഞ്ഞകലുന്നു 
ഇരുളില്‍  പുതിയ  വെളിച്ചം കാട്ടുന്നു

Saturday, December 3, 2011

പാടാത്ത തംബുരു


കണ്ണീരു വെറുതേ തൂവുക ,   തോഴി
തന്ത്രികള്‍ തകര്‍ന്നോരു തംബുരു ഞാന്‍
നിന്‍ വിരല്‍ തുമ്പെന്നുള്ളില്‍ തൊടും നേരം
പൊള്ളുന്ന വേദനയാണെന്റെ കണ്ണില്‍ !!

ആപാദമധുരിതമല്ല എന്‍  ഹൃദയം
ഉരുകി ഒഴുകയാണോരോ നിറങ്ങളും
സ്വയമെരിഞ്ഞൊടുങ്ങുന്നോരെന്നിലോ
തിരയുവതു നീ നിന്റെ വ്യര്‍ത്ഥ സ്വപ്നങ്ങളെ !

സ്നിഗ്ദമാം നീലിമ സിരകളിലൊഴുകി
വരണ്ട പാഴ് ഭൂമിയെ തഴുകി നീങ്ങുന്നു
പച്ചമരതണലുകളില്ല എന്‍  മണ്ണില്‍
ഊഷര ഭൂമിയാണെങ്ങും  പ്രിയേ   !

ഒന്നു കുതിക്കാന്‍ കൊതിയാണെനിക്ക് 
കിതപ്പിനാലതുമാവത്തില്ല്ലാത്തവന്‍ ഞാന്‍ 
ചിത്രം കണക്കെയിനിയുള്ള ജീവന്റെ 
ചിത്തത്തിലാത്മ നൊമ്പരമാകരുതെ !!
ജീവിതം നിലാവുപോലാണെന്നും പ്രിയേ 
മേഘം മറഞ്ഞു നില്‍ക്കുന്നേരം നമ്മെ 
ശൂന്യമാം നിഴല്‍വന്നു മൂടുന്നതായ് തോന്നും 
മേഘം ഒഴിഞ്ഞാല്‍ നിലാവോ വിസ്മയം !!


ഇഴപിരിയാതിരിക്കുവാനാകില്ല എങ്കിലും
എന്റെ മാറുപിളര്‍ന്നൊഴുക്കും ചോരയ്ക്ക്
നിനക്ക് നല്ക്കുവാനോന്നുമില്ലെന്നോര്‍ക !

കണ്ണീരു വെറുതേ തൂവുരുത്ത് തോഴി 
തന്ത്രികള്‍ തകര്‍ന്നോരീ തംബുരുവില്‍ !!